Saturday, 21 March 2020

കൊറോണ ബാധിതരുടെ എണ്ണം 52 ആയി; സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി



തിരുവനന്തപുരം: (2020 March 21,www.samakalikamvartha.com)സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 52 ആയി വര്‍ധിച്ചു. ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ കൊച്ചിയിലുമായി ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണ്. സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ആകെ 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 52785 പേര്‍ വീടുകളിലാണ്. 228 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വേറൊരു മാര്‍ഗവും സര്‍ക്കാരിനു മുന്നിലില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ പറയുന്നതോ അതിനു മുകളിലോ ഉള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. രോഗവ്യാപനത്തിനു വേറൊരു മാര്‍ഗവും സര്‍ക്കാരിനു മുന്നിലില്ല. ഇനിയും നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ക്കശമായ നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സമൂഹത്തിന്റെ രക്ഷയെ കരുതിയുള്ളതാണ്. നിര്‍ദേശങ്ങള്‍ എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു സര്‍ക്കാര്‍ തയാറാകില്ല. നാടിന്റെ നന്മക്കായി നിലപാടുകള്‍ ഇനിയും കടുപ്പിക്കേണ്ടി വരുമെന്നും ചിലര്‍ക്കൊന്നും നേരം വെളുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: