Monday, 6 April 2020

പീഡനത്തിനിരയായ പതിനാല് വയസ്സുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി



കൊച്ചി: (2020 April 06, www.samakalikamvartha.com) 14 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ ഗര്‍ഭം 24 ആഴ്ച പിന്നിട്ടിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭാവസ്ഥയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പെണ്‍കുട്ടിക്കുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ട് പ്രകാരം 20 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാറില്ല. എന്നാല്‍ ഇവിടത്തെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി അനുമതി നല്‍കിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോക്‌സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവാഹിതനയ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ ഏറെ അന്വേഷിച്ചെങ്കിലും അഞ്ചുമാസം പിന്നിട്ട ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്. അപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. നിയമപരമായി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാന്‍ കഴിയുന്ന 20 ആഴ്ച പിന്നിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


SHARE THIS

Author:

0 التعليقات: