തിരുവനന്തപുരം: ദുബായിൽ നിന്ന് കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണം വിമാനത്താവളത്തിൽ എയർകസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവതി പിടിയിലായി.
കഴിഞ്ഞ മാസം ദുബായിൽ നിന്ന് കൊളംബോ വഴി ശ്രീലങ്കൻ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ യുവതിയുടെ ലഗേജിൽ സ്വർണമുണ്ടെന്ന സംശയത്തിൽ എയർകസ്റ്റംസ് അധികൃതർ ഇവരെ വിശദമായി പരിശോധിച്ചിരുന്നു.
സ്വർണം കണ്ടെത്താനാകാതെ വന്നതോടെ ലഗേജും പാസ്‌പോർട്ടും തടഞ്ഞുവച്ചശേഷം യുവതിയെ വിട്ടയച്ചു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രെമ്മിനുള്ളിൽ നാല് ബിസ്‌കറ്റുകളാക്കി ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. തുടർന്ന് ലഗേജ് എടുക്കാൻ എത്തണമെന്ന് യുവതിയെ അധികൃതർ അറിയിച്ചു.
ഇതിനായി കഴിഞ്ഞ ദിവസം യുവതി വിമാനത്താവളത്തിലെത്തിയപ്പോൾ ലഗേജുകൾ പൊളിക്കുകയും ഡ്രെമ്മിനുള്ളിൽ നിന്ന് സ്വർണം പുറത്തെടുക്കുകയുമായിരുന്നു. പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണയിൽ 18 ലക്ഷം രൂപ വിലവരും.
എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ഡി. ഹരികൃഷണൻ, സൂപ്രണ്ടുമാരായ മനോജ്, രാമചന്ദ്രൻ, ഇൻസ്‌പെക്ടർമാരായ വിശാഖ്, മേഘ, അമൻ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.
0 التعليقات: