തൃക്കരിപ്പൂര്‍: (2020 Jan 18, Samakalikam Vartha)കള്ള് കട്ട് കുടിച്ച് കള്ളന്‍. മൂക്കുമുട്ടെ കള്ള് കുടിച്ചതെങ്കിലും ബോധം പോകാതെ ഷാപ്പിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്തു കൊണ്ടുപോയി. അതേസമയം മേശവലിപ്പില്‍ പണമുണ്ടായിരുന്നത് തൊട്ടതുമില്ല. തൃക്കരിപ്പൂര്‍ നടക്കാവിലെ കള്ള് ഷാപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കള്ള് മോഷണം നടന്നത്. ഷാപ്പില്‍ സിസി ടിവി ഉണ്ടായിരുന്നെങ്കിലും ഹാര്‍ഡ് ഡിസ്‌ക് ഊരി എടുത്തതിനാല്‍ ആളുടെ ചിത്രം ലഭിച്ചില്ല. വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. മേശപ്പുറത്തു സൂക്ഷിച്ച 3 കുപ്പികളിലെ കള്ള് അകത്താക്കി. കഴിഞ്ഞ വര്‍ഷവും ഈ ഷാപ്പില്‍ കള്ളന്‍ കയറിയിരുന്നു. എന്നാല്‍, അന്ന് കുടിച്ച കള്ളിന്റെ പണമായി 100 രൂപ മേശപ്പുറത്തു വച്ചിട്ടാണ് 'നല്ലവനായ കള്ളന്‍ പോയത്. കൂടാതെ ഓംലറ്റും ഉണ്ടാക്കിക്കഴിച്ചിരുന്നു. മോഷ്ടാവിന്റെ വിചിത്ര രീതി കണ്ട ഷാപ്പുടമ ഷാപ്പില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഉടമ ഭാസ്‌കരന്റെ പരാതിയെത്തുടര്‍ന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
0 Comments