Friday, 7 February 2020

സന്തോഷ് ട്രോഫി താരം കെ പി രാഹുല്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു

കാസര്‍കോട്: (2020 Feb 07, www.samakalikamvartha.com)വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിരോധ നിരയില്‍ കാവലാളായി ഇനി സന്തോഷ് ട്രോഫി താരം കെ പി രാഹുലുമുണ്ടാവും. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം എല്‍ഡി ക്ലര്‍ക്ക് നിയമനം ലഭിച്ച താരം കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ രാഹുലിനെ സ്വീകരിച്ചു. കൊല്‍ക്കത്തയില്‍ നടന്ന 72 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് രാഹുല്‍ ജോലിയില്‍ പ്രവേശിച്ചത്. പിതാവ് രമേശനും മാതാവ് തങ്കമണിക്കൊപ്പമാണ് രാഹുല്‍ കലക്ടറേറ്റിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്കെത്തിയത്. നിലവില്‍ ഗോകുലം എഫ്‌സിയിലാണ് രാഹുല്‍ കരാറിലുള്ളത്. നിരവധി ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരം ആറാം ക്ലാസ് മുതല്‍ തന്നെ ഫുട്‌ബോളില്‍ സജീവമാണ്. ഏഴാം ക്ലാസ് വരെ പിലിക്കോട് ജിയുപി സ്‌കൂളിലും പത്ത് വരെ ഉദിനൂര്‍ ജി എച്ച് എസ് എസിലും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം മലപ്പുറം എം എസ് പിയിലുമായിരുന്നു. പിന്നീട് കോട്ടയം ബസേലിയസ് കോളേജില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും തിരക്ക് കൂടിയ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പഠനത്തിലും ഫുട്‌ബോളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കണ്ണൂര്‍ എസ് എന്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ നേടിയിട്ടുണ്ട്. പിലിക്കോട് സ്വദേശിയായ രാഹുല്‍ നിലവില്‍ ചീമേനി മുണ്ട്യക്കടുത്താണ് താമസിക്കുന്നത്. ഏക സഹോദരി രസ്‌ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.


SHARE THIS

Author:

0 التعليقات: