Wednesday, 12 February 2020

ബെന്റ്‌ലി ഓടിച്ചത് താനല്ലെന്ന് മുഹമ്മദ് നാലപ്പാട്; തെളിവുണ്ടെന്ന് കര്‍ണാടക പോലീസ്

ബെംഗളൂരു: (2020 Feb 12, www.samakalikamvartha.com)അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ പുതിയ വാദവുമായി കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട്. അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്‌ലി ഓടിച്ചത് താനല്ലെന്നും സംഭവസമയം താന്‍ ലംബോര്‍ഗിനിയിലാണ് സഞ്ചരിച്ചതെന്നും ബെന്റ്‌ലി ഓടിച്ചത് താനാണെന്നതിന് തെളിവില്ലെന്നും മുഹമ്മദ് പറയുന്നു. അതേസമയം, മുഹമ്മദ് നാലാപ്പാടാണ് കാറോടിച്ചതെന്ന് ബെംഗളൂരു പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, ദൃക്‌സാക്ഷികളുടെ മൊഴികളും ഇയാള്‍ക്കെതിരായിരുന്നു. പബ്ബില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ മുഹമ്മദിന്റെ ആഡംബര കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബുധനാഴ്ച ബംഗലൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. 2018ല്‍ ബെംഗളൂരുവിലെ ഒരു പബ്ബില്‍വെച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. 2018ലെ കേസില്‍ 116 ദിവസമാണ് എംഎല്‍എയുടെ മകന്‍ ജയിലില്‍ കിടന്നത്.


SHARE THIS

Author:

0 التعليقات: