കാസര്‍കോട്: (2020 March 11, www.samakalikamvartha.com)മലേഷ്യയില്‍ നിന്നെത്തിയ പോക്‌സോ കേസിലെ പ്രതിക്ക് കൊറോണ ലക്ഷണങ്ങള്‍. തുടര്‍ന്ന് കാസര്‍കോട് ജനറലാശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പോലീസ് കാവലും ഏര്‍പെടുത്തി. കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍നിന്നും വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗണ്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട്ടെത്തിക്കുകയായിരുന്നു. കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെയാണ് ഇയാള്‍ മലേഷ്യയില്‍നിന്നാണ് വന്നതെന്ന വിവരം ലഭിച്ചത്. കൂടാതെ യുവാവിന് ജലദോഷവും ചെറിയ പനിയുമുണ്ടായിരുന്നു. ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചു. എന്നാല്‍ ജയിലില്‍ പാര്‍പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. ഇനി 14 ദിവസം പ്രതി നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments