Thursday, 2 January 2020

പൗരത്വ നിയമത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ മഹാറാലി

കൊച്ചി: പൗരത്വ റജിസ്റ്ററും പൗരത്വ നിയമവും റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുസ്‌ലിം സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയും സമര പ്രഖ്യാപന സമ്മേളനവും ജനപങ്കാളിത്തം കൊണ്ടു ചരിത്രമായി. വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചെറു ജാഥകൾ സമ്മേളന നഗരിയായ മറൈൻ ഡ്രൈവിലെത്താൻ മണിക്കൂറുകളെടുത്തു. പൊതുസമ്മേളനം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ജാഥകൾ പൂർണമായും സമ്മേളന നഗരിയിലെത്തിയത്. മറൈൻ ഡ്രൈവ് സാക്ഷ്യം വഹിച്ചത് ചരിത്രത്തിലിടം നേടിയ ജനസഞ്ചയത്തിനാണ്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സാണ് ഈ പ്രക്ഷോഭത്തിന്റെ ഊർജമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ നിയമത്തെ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും നിയമത്തിനകത്തു നിന്നുതന്നെ പോരാടാൻ സാധിക്കുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പറഞ്ഞു.
ഗുജറാത്ത് എംഎൽഎയും ദലിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി, മുംബൈ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.ജി. കോൾസെ പാട്ടീൽ, ഡോ. ബഹാവുദ്ദീൻ നദ്‌വി, ടി.പി. അബ്ദുല്ലക്കോയ മദനി, ചേലക്കുളം അബുൽ ബുഷറ മൗലവി, എം.ഐ. അബ്ദുൽ അസീസ്, സി.പി. ഉമർ സുല്ലമി, ടി.കെ. അഷറഫ്, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എംഎൽഎമാരായ വി.പി. സജീന്ദ്രൻ, ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ഫസൽ ഗഫൂർ, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവരും പ്രസംഗിച്ചു.
സമസ്ത കേരള ജംഇയത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, സംസ്ഥാന കേരള ജംഇയത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെഎൻഎം മർക്കസുദഅ്‌വ, മുസ്‌ലിം ലീഗ്, കെഎംഇഎ, എംഇഎസ്, എംഎസ്എസ്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, ജില്ലാ ജമാഅത്ത് കൗൺസിൽ, മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി, വിവിധ ജമാഅത്ത് കൗൺസിലുകൾ എന്നിവർ ചേർന്നാണ് പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചത്.

SHARE THIS

Author:

0 التعليقات: