
കാസര്‍കോട്: (2020 Jan 28, Samakalikam Vartha)കര്‍ണാടകയില്‍ നിന്നും ടാക്‌സ് വെട്ടിച്ച് കേരളത്തിലേക്ക് എത്തിയ മീഡിയം പാസഞ്ചര്‍ കോണ്‍ട്രാക്ട് കാര്യേജ് ബസ് കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മേല്‍പറമ്പില്‍ വച്ചാണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരള സ്‌ക്വാഡ് കൈ കാണിക്കുകയും എന്നാല്‍ നിര്‍ത്താതെ പോകുകയും ചെയ്തതോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും ബേക്കല്‍ ഫോര്‍ട്ടിലേക്ക് വിദേശികളുമായി എത്തിയ ബസന്ത് ബസാണ് അധികൃതര്‍ പിടികൂടിയത്. വ്യാജ പെര്‍മിറ്റിലാണ് കേരളത്തിലേക്ക് കടന്നതെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഒരുമാസത്തേക്ക് പെര്‍മിറ്റുണ്ടെന്നാണ് ഡ്രൈവര്‍ ആദ്യം ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിയമമനുസരിച്ച് അന്യ സംസ്ഥാനത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പെര്‍മിറ്റ് എടുക്കുമ്പോള്‍ എത്ര ദിവസത്തേക്ക് കേരളത്തില്‍ തങ്ങും എന്നും അത് ഏതൊക്കെ സ്ഥലങ്ങള്‍ ആണെന്നും അതിലെത്ര യാത്രക്കാര്‍ ഉണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും സൂചിപ്പിച്ചിരിക്കണം. എന്നാല്‍ ഇതൊന്നും പിടികൂടിയവാഹനത്തിലെ രേഖകളില്‍ കണ്ടെത്താനായില്ല. ആദ്യം അടച്ച നികുതിയുടെ പേരില്‍ മറ്റു പല യാത്രകള്‍ക്കും വേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് വിശദമായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. വിദേശീയരെ ബേക്കല്‍ ഉള്ള താജ് റസിഡന്‍സിയില്‍ ഇറക്കിയശേഷം വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിഴയിനത്തിലും നികുതിയിലുമായി 1,75,500 രൂപ അടച്ചതിനുശേഷം മാത്രമേ ബസ് വിട്ടുനല്‍കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ മാരായ വൈകുണ്ഠന്‍, രതീഷ്, എ.എം.വി.ഐ മാരായ പ്രഭാകരന്‍, ഗണേഷ് , ജിജോ വിജയ്, ഡ്രൈവര്‍ മനോജ് എന്നിരാണ് സ്‌ക്വാഡിലുണ്ടായിരുന്നത്. വരുംദിവസങ്ങളിലും തുടര്‍ന്നുള്ള ശക്തമായ വാഹനപരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
0 Comments