Wednesday, 29 January 2020

ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട കവര്‍ച്ചാക്കേസ് പ്രതിയെ ഷൊര്‍ണ്ണൂരില്‍ നിന്നും പൊക്കി

ചെറുതുരുത്തി: (2020 Jan 29, Samakalikam Vartha)ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ട കവര്‍ച്ചാക്കേസ് പ്രതി പോലീസിന്റെ പിടിയിലായി. കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശി മണിക് സര്‍ദാറിനെയാണ് ഷൊര്‍ണ്ണൂരിലെ നമ്പ്രത്ത് നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം കണ്ണൂരില്‍ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകവേയാണ് മണിക് സര്‍ദര്‍ ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. ഊണ് കഴിക്കുന്നതിനുവേണ്ടി ഒരു കൈയിലാക്കിയപ്പോഴായിരുന്നു രക്ഷപ്പെടല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍നിന്നാണ് അകമ്പടിയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ പുറത്തേക്ക് ചാടിയത്. പൈങ്കുളം റെയില്‍വേ ഗേറ്റിനും കലാമണ്ഡലം റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് വേഗം കുറച്ചപ്പോഴായിരുന്നു സംഭവം. എറണാകുളത്ത് നോര്‍ത്ത് പോലീസ് സ്റ്റേഷനിലും ഒന്നിലധികം കവര്‍ച്ചകള്‍ക്ക് മണിക്കിന്റെ പേരില്‍ കേസുണ്ട്. കവര്‍ച്ചാക്കേസുകള്‍ക്ക് പുറമേ ഇയാള്‍ കൊലക്കേസിലും പ്രതിയാണെന്നാണ് വിവരം. 2018 സെപ്റ്റംബര്‍ ആറിനാണ് 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും മര്‍ദിച്ച് അവശരാക്കിയ ശേഷം വീട് കൊള്ളയടിച്ചത്. മര്‍ദിച്ചവശരാക്കിയ ഇരുവരെയും സംഘം വീട്ടിനുള്ളില്‍ കെട്ടിയിടുകയും ചെയ്തു. 25 പവന്‍ സ്വര്‍ണവും 15000 രൂപയുമാണ് ബംഗ്ലാദേശ് സ്വദേശികള്‍ കവര്‍ച്ച ചെയ്തത്.

SHARE THIS

Author:

0 التعليقات: