ന്യൂഡല്‍ഹി: (2020 Jan 28, Samakalikam Vartha)ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജിയില്‍ ജയിലില്‍ അതിക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നെന്നും പറയുന്നു. വധശിക്ഷ മാത്രമാണ് കോടതി തനിക്ക് വിധിച്ചതെന്നും എന്നാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാനും വിധിച്ചിരുന്നോ എന്നും ഇയാള്‍ ചോദിച്ചു. നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ രാംസിങ്ങിന്റെ മരണം കൊലപാതകമാണെന്നും എന്നാല്‍ ഇത് ആത്മഹത്യയാക്കി മാറ്റിയെന്നും മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതി ഉന്നയിച്ച വാദങ്ങള്‍ ഒരിക്കലും ദയാഹര്‍ജി അംഗീകരിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ജയിലില്‍ ഉപദ്രവം നേരിട്ടെന്നത് സത്യമായാലും അത് ഒരിക്കലും ശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി നല്‍കിയതും കേസുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് മുമ്ബാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ.എസ്. ഭൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഹരജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. ദയാഹര്‍ജിക്കൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്നും ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ഏകപക്ഷീയമാണെന്നുമാണ് മുകേഷ് സിങ്ങിന്റെ ആരോപണം. മുകേഷ് സിങ്ങിന് ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ്കുമാര്‍ ശര്‍മ, അക്ഷയ്കുമാര്‍ എന്നിവരെയാണ് ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റുക.
0 Comments