കോഴിക്കോട്: (2020 Feb 28, www.samakalikamvartha.com)കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആറുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇന്നലെ പുതുതായി ഒരാളും കൂടി നിരീക്ഷണത്തില്‍ വന്നു. ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ നിരീക്ഷണത്തിലുണ്ട്.
ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 33 ഫലങ്ങളും നെഗറ്റീവ് ആണ്. അതേസമയം കേരളത്തില്‍ കൊറോണ വൈറസ് നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊറോണ വിമുക്തമായെന്ന് പറയാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, എന്നാല്‍ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇപ്പോഴും ആളുകള്‍ എത്തുന്നുണ്ട്. അതിനാലാണ് നിരീക്ഷണം തുടരുന്നതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ലക്ഷണങ്ങളോടെ മലേഷ്യയില്‍ നിന്ന് എത്തിയ ആള്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. അദ്ദേഹത്തിന്റെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
0 التعليقات: