Friday, 28 February 2020

ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവോ ചതവോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; അന്വേഷണം ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: (2020 Feb 28, www.samakalikamvartha.com) കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചിരുന്നു. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ തന്നെ ഉണ്ടായിരുന്നു. മുറിവുകളും മറ്റു ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ പോലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി. അതേസമയം സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നും ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേവന്ദയുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി നിരവിധ ചലച്ചിത്ര താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി,അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പദ്മസൂര്യ എന്നിവരാണ് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.
തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.


SHARE THIS

Author:

0 التعليقات: