മലപ്പുറം: (2020 feb 04, Samakalikam Vartha)ബസ്സില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തൃശ്ശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഗോകുല്‍ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഡ്രൈവറുടെ അശ്രദ്ധയും അറ്റന്‍ഡര്‍ ഇല്ലാതെ സര്‍വീസ് നടത്തിയതുമാണ് അപകടകാരണമെന്ന് വ്യക്തമായി. വാഹന ഡ്രൈവറുടെ ലൈസന്‍സും ബസ്സിന്റെ പെര്‍മിറ്റും റദ്ദാക്കുന്നതിനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചു വരികയാണെന്നും അറ്റന്‍ഡര്‍ ഇല്ലാതെ സ്‌കൂള്‍ ബസ് സര്‍വ്വീസ് നടത്തിയ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബസില്‍ അറ്റന്‍ഡര്‍ ഉണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് . മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഫര്‍സീന്‍ അഹമ്മദ് (ഒന്‍പത്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ദുരന്തം നടന്നത്. രാവിലെ സ്‌കൂളിലേക്ക് പോകുന്ന സമയം ബസില്‍ കയറുന്ന സമയം ബാഗ് ബസിന്റെ ഡോറില്‍ കുടുങ്ങിയത് അറിയാതെ ബാഗ് വലിച്ചപ്പോള്‍ ഡോര്‍ തുറന്ന് തെറിച്ചതായാണ് സഹപാഠികള്‍ പറയുന്നത്. മുന്നിലെ വാതിലില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ത്ഥി ബസ്സിന്റെ പിന്‍ ചക്രം തട്ടിയാണ് അപകടത്തില്‍ പെട്ടത്. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതേ സ്‌കൂളിലെ അദ്ധ്യാപികയായ മാതാവ് പഞ്ചിളി ഷമീമ പ്രസവാവധിയിലായിരുന്നു. പിതാവ് കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ഷാനവാസ് കക്കാട്ട്. സഹോദരങ്ങള്‍: ഫര്‍ഹാന്‍ അഹ്മദ്, ആഷിഖ് അഹ്മദ്.
0 Comments