ന്യൂഡല്‍ഹി: (2020 Feb 10, www.samakalikamvartha.com)ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാലബെഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. വിശാല ബഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ല, വിശാല ബഞ്ച് നിലനില്‍ക്കുമെന്നും കോടതി പ്രസ്താവിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അതേസമയം ഇത് റിവ്യൂ ഹര്‍ജി ആണെങ്കിലും നിയമപരമായ ചോദ്യങ്ങള്‍ ഈ വിഷയത്തില്‍ ഉന്നയിക്കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല ശബരിമല വിഷയത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തു എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വിശാലബെഞ്ച് പരിഗണിക്കുക ഏഴ് പരിഗണന വിഷയങ്ങളായിരിക്കും. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നതായിരിക്കും ആദ്യ പരിഗണനാവിഷയം. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനാണ് ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രസ്താവിച്ചത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണമെന്നും നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. നരിമാന്റെ വാദത്തെ പിന്തുണച്ച് കേരള സര്‍ക്കാരും രംഗത്തെത്തിയിരുന്നു. 17ന് വാദം തുടങ്ങും.
ഇരുവിഭാഗങ്ങള്‍ക്കും അഞ്ച് ദിവസം വീതമായിരിക്കും വാദത്തിന് ഉണ്ടാകുക.
0 Comments