Sunday, 8 March 2020

കൊറോണ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാകലക്ടര്‍


പത്തനംതിട്ട: (2020 March 08, www.samakalikamvartha.com)ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ്. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നു യാത്രക്കാര്‍ക്കും ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ നില തൃപ്തികരമാണെന്നും കലക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് പൊതുജനങ്ങളുടെ വലിയ സഹകരണം ആവശ്യമുണ്ട്. വിദേശരാഷ്ട്രങ്ങളില്‍ നിന്നു വന്നിട്ടുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ഇവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. സഹകരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതായി വരും.ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണകൊറിയ എന്നീ നാലു രാഷ്ട്രങ്ങളില്‍ നിന്നു വരുന്ന ആളുകള്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും രണ്ട് കണ്‍ട്രോള്‍ റൂം അടക്കം അഞ്ച് കണ്‍ട്രോള്‍ റൂം നമ്പരുകള്‍(ജില്ലാ മെഡിക്കല്‍ ഓഫീസ് 0468 2228220, ദുരന്തനിവാരണ വിഭാഗം 04682322515, ടോള്‍ഫ്രീ നമ്പര്‍1077, 9188293118, 9188803119) സജ്ജമാക്കിയിട്ടുണ്ട്. ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം ലഭിക്കും. പ്രാഥമികമായി ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരിലാണ് ബന്ധപ്പെടേണ്ടത്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ആശുപത്രിയില്‍ പോകേണ്ടതായി വരും. ഇങ്ങനെയുള്ളവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നാല് ഡോക്ടര്‍മാരും എത്തിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: