മഞ്ചേശ്വരം: (2020 Jan24, Samakalikam Vartha)മഞ്ചേശ്വരം മിയാപദവ് കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപിക രൂപശ്രീ (44)യുടെ മരണം കൊലപാതകം. പ്രതികളായ സഹപ്രവര്‍ത്തകനായ മഞ്ചേശ്വരം മിയാപ്പദവ് വാണിവിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു. ഇതേ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര(50), കാര്‍ ഡ്രൈവര്‍ നിരഞ്ജന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. അധ്യാപകന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാത തുമ്പ് ലഭിച്ചത്. കാറില്‍ നിന്നും രൂപശ്രീയുടെ എന്ന് കരുതുന്ന മുടി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ കാറിലാണ് മൃതദേഹം കടല്‍ക്കരയില്‍ എത്തിച്ച് കടലില്‍ തള്ളിയതായിരിക്കാമെന്ന് കരുതുന്നു. ഈമാസം 16നാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് ചന്ദ്രശേഖറന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി വരുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലമുടി പൂര്‍ണമായി കൊഴിഞ്ഞിരുന്നു. നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. കാണാതായ ദിവസം സ്വന്തം സ്‌കൂട്ടറില്‍ രൂപശ്രീ മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. പത്തുവര്‍ഷമായി അധ്യാപികയുമായി നല്ല അടുപ്പത്തിലായിരുന്നു വെങ്കിട്ടരമണ. സാമ്പത്തീക ഇടപാടും നടത്തിയിരുന്നു. അടുപ്പത്തില്‍ നിന്ന് രൂപശ്രീ പിന്തിരിഞ്ഞതോടെയാണ് അധ്യാപകന്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്നാണ് വിവരം. ആദ്യം മഞ്ചേശ്വരം പോലീസ് അന്വേഷിച്ച കേസ് ബന്ധുക്കള്‍ കൊലപാതകമാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
0 Comments