Friday, 3 January 2020

ഗസൽ തേൻമഴ ഒരുക്കി ഷഹബാസ് അമൻ

ദമ്മാം: പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെയും സംഘത്തിന്റെയും ഗസൽ സന്ധ്യ വിരഹാർദ്രമായ പ്രണയത്തിന്റെയും, ഓർമ്മകളുടെയും മനോഹരമായ നിമിഷങ്ങൾ പ്രവാസികൾക്ക് സമ്മാനിച്ചു. 

വേൾഡ് മലയാളീ കൗൺസിൽ അൽ കോബാർ പ്രോവിൻസാണ്‌ ദമ്മാമിലെ ക്രിസ്റ്റൽ ഹാളിൽ ഗസൽ സന്ധ്യ സംഘടിപ്പിച്ചത്. മൂന്ന് മണിക്കൂറിലധികം സമയം മലയാളത്തിലെയും ഹിന്ദിയിലേയും ഗൃഹാതുരത്വം തുളുമ്പുന്ന ഒരുപിടി ഗാനങ്ങൾ സദസ്സിനായി അദ്ദേഹം ആലപിച്ചു. ഷഹബാസ് അമനോടോപ്പം പുല്ലാങ്കുഴലിൽ രാജേഷ് ചേർത്തലയും കീ ബോർഡിൽ സുശാന്തും സിതാറിൽ പോൾസണും തബലയിൽ റോഷനും ചേർന്നപ്പോൾ സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകത്തിന് അത് ഒരിക്കലും മറക്കാനാവാത്ത രാത്രിയായി തീർന്നു. 

ഓർമ്മകളിലെ നഷ്ട ബാല്യവും, പ്രണയവും, വിരഹവും, നൊമ്പരങ്ങളുമൊക്കെ നിറച്ച് വേദന നിറഞ്ഞ ശബ്ദത്തിൽ ഷഹബാസ് അമൻ പാടിയപ്പോൾ നിറഞ്ഞ സദസ്സിനു ഹൃദ്യമായ ഒരു അനുഭവമായി. ചടങ്ങിൽ വെച്ച് കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തെ ആദരിച്ചു.

SHARE THIS

Author:

0 التعليقات: