tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ജയലളിതക്ക് നാലുവര്‍ഷം തടവ്

ബാംഗ്ലൂര്‍: അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് നാലുവര്‍ഷം തടവ്. നൂറുകോടി രൂപ പിഴ അടക്കാനും ബാംഗ്ലൂരിലെ പ്രത്യേക കോടതി വിധിച്ചു.

ആദ്യ നാലു പ്രതികള്‍ക്കും നാലുവര്‍ഷം തടവുശിക്ഷയാണ് പ്രഖ്യാപിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ പത്ത് കോടി രൂപ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടു.

ഈ വിധിയോടെ, എം.എല്‍.എ.സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും ജയലളിതയ്ക്ക് നഷ്ടമായി. പുതിയതായി നിലവില്‍വന്ന അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിപദം നഷ്ടമാകുന്ന ആദ്യവ്യക്തിയാണ് ജയലളിത. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പറ്റില്ല.

മൂന്ന് വര്‍ഷത്തിനുമേല്‍ ശിക്ഷ വിധിച്ചതിനാല്‍ പ്രത്യേക കോടതിക്ക് ജയലളിതയ്ക്ക് ജാമ്യം നല്‍കാനാവില്ല. അതിനാല്‍ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് വരെ ജയലളിതയെ പരപ്പന അഗ്രഹാര ജയിലില്‍ തന്നെ താമസിപ്പിക്കേണ്ടി വരും.

ജഡ്ജി ജോണ്‍ മൈക്കിള്‍ കുഞ്ഞ സപ്തംബര്‍ 20-ന് വിധി പറയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് വിധിപറയുന്ന വേദി സിറ്റി സെഷന്‍സ് കോടതി സമുച്ചയത്തില്‍നിന്നു മാറ്റണമെന്ന് ജയലളിത അപേക്ഷിക്കുകയായിരുന്നു. അത് പരിഗണിച്ചാണ് പരപ്പന അഗ്രഹാര ജയിലിനടുത്തെ ഗാന്ധിഭവനില്‍ കോടതി ചേര്‍ന്നത്.

കേസില്‍ ശിക്ഷ വിധിക്കപ്പെടുന്നതോടെ 1988 അഴിമതി നിരോധനനിയമപ്രകാരം ജയലളിതയുടെ എം.എല്‍.എ സ്ഥാനം നഷ്ടമാകും. അതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വരും.

ആദ്യ തവണ (1991-96) മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ജയലളിത 66.55 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. ജയലളിത അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് 1996 ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.

1996 ല്‍ അധികാരത്തില്‍ വന്ന ഡിഎംകെ സര്‍ക്കാര്‍ ജയലളിതയെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഡി.എം.കെ. നേതാവ് അന്‍പഴകന്‍ നല്‍കിയഹര്‍ജി പരിഗണിച്ചാണ് കേസ് ബാംഗ്ലൂരിലേക്ക് മാറ്റിയത്.

കര്‍ണാടക സംസ്ഥാന റിസര്‍വ് പോലീസ്, സിറ്റി സായുധ റിസര്‍വ്, ദ്രുത കര്‍മസേന എന്നിവയുടെ പ്ലാറ്റൂണുകള്‍ കോടതിയുടെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഈ കേസിന്റെ സുരക്ഷയ്ക്കായി മാത്രം കര്‍ണാടകം ഇതുവരെ 2.86 കോടി രൂപ ചെലവാക്കിയിട്ടുണ്ട്.

Post a Comment

0 Comments